Wednesday, June 27, 2012

ഒരു വിവാഹാല്‍ബം മിഴിതുറന്ന കഥ


ക്കുടുംബത്തില്‍ നടന്നൊരു മൌലിദ് പ്രോഗ്രാമിന്‍റെ സി.ഡി എഡിറ്റിംഗിനായി ഞാന്‍ ഗുരുവായൂരിലുളള സ്റ്റുഡിയോയിലെത്തി. ഞങ്ങളുടെ ജില്ലയായ തൃശൂരിലെ പ്രസിദ്ധസ്ഥലമാണ് ഗുരുവായൂര്‍. അന്യമതക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം. ഞാന്‍ ചെന്ന സ്റ്റുഡിയോയും ആ കൂട്ടത്തില്‍ പെട്ടതായിരുന്നു. ഞാനവിടെ എത്തിയപ്പോള്‍ ശീതീകരിച്ച ആധുനികസൌകര്യങ്ങളടങ്ങിയ വിശാലമായ സ്റ്റുഡിയോയില്‍ ഒരേസമയം 12 സിസ്റ്റങ്ങളില്‍ വീഡിയോ എഡിറ്റിംഗ് നടക്കുകയായിരുന്നു. ഉടനെ ഒരു കാര്യം എന്‍റെ ശ്രദ്ധയില്‍പെട്ടു. രണ്ടു സിസ്റ്റങ്ങളില്‍ അന്യമതക്കാരുടെ വിവാഹ പ്രോഗ്രാം വര്‍ക്ക് നടക്കുന്നതൊഴിച്ച് ബാക്കി 10 സിസ്റ്റങ്ങളിലും നടക്കുന്ന വര്‍ക്കുകള്‍ മുസ്‌ലിം വീടുകളില്‍ നടന്നതായിരുന്നു. അതില്‍ ഒന്ന് പുര കൂടല്‍ ചടങ്ങിന്‍റെ വര്‍ക്ക്. ബാക്കി ഒമ്പതും വിവാഹ പ്രോഗ്രാമുകളുടെ വര്‍ക്കുകളായിരുന്നു.


ഇതുപറയുമ്പോള്‍ വിവാഹ ദിനത്തിലേയോ രാവിലേയോ പ്രോഗ്രാമുകളാണെന്ന് തെറ്റുദ്ധരിക്കരുത്. അതല്ല, വിവാഹ ശേഷം ദമ്പതിമാര്‍ പലസ്ഥലങ്ങളില്‍ പോയി അഭിനയിച്ച ആല്‍ബത്തെപറ്റിയാണ് പറഞ്ഞുവരുന്നത്. വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് ശേഷം വധു വരന്മാര്‍ വീഡിയോഗ്രാഫറേയും കൂട്ടി കറങ്ങുകയാണ്. പ്രകൃതി രമണീയമായ സ്ഥലങ്ങളില്‍ ചെന്ന് നവമിധുനങ്ങള്‍ അഭിനയം തുടരുകയായി..ഓടിയും ഒളിച്ചും സ്വകാര്യം പറഞ്ഞും കൈകോര്‍ത്ത് പിടിച്ചും ആലിംഗനം നടത്തിയും അവരുടെ അഭിനയം പുരോഗമിക്കുമ്പോള്‍ ക്യമറക്കാരന്‍ കാമറക്കണ്ണുകള്‍ അവര്‍ക്കുനേരെ തിരിച്ച് എല്ലാം കൃത്യമായി ഒപ്പിയെടുക്കുന്നു. ഇക്കിളിപ്പെടുത്തുന്ന പാട്ടുകള്‍ കൂടി ബേഗ്രൌണ്ട്സോങ്ങായി ചേര്‍ക്കലോടെ സംഗതി വിവാഹ ആല്‍ബമെന്ന പേരില്‍ പൂര്‍ണ്ണമായി. ഈയടുത്തിടെ സമൂഹത്തില്‍ ഒരു വിപത്തായി ആഞ്ഞുവീശിയ ആല്‍ബഗാനങ്ങളെ അനുകരിച്ചാണ് ഈയൊരു നവ വിപത്തും തുടങ്ങിയിരിക്കുന്നത്.


ആല്‍ബ നിര്‍മ്മാണത്തിനായി ലൊക്കേഷനുകള്‍ കേന്ദ്രീകരിക്കുന്നതിനുള്ള ത്യാഗങ്ങള്‍ അനവധിയാണ്. ദിവസങ്ങളോളം ലോഡ്ജുകളില്‍ തങ്ങേണ്ടിവരുന്നു. നാമമാത്ര മുസ്ലിം വസ്ത്രങ്ങളും അല്ലാത്തവയുമടങ്ങുന്ന ഡസന്‍കണക്കിന് ഡ്രസ്സുകള്‍ വാങ്ങിക്കേണ്ടിവരുന്നു. മേക്കപ്പ് സാധനങ്ങള്‍ വേറേയും. ഏകദേശം പത്ത് മുതല്‍ ഇരുപതിനായിരം രൂപവരെ സാധാരണ രീതിയില്‍ ചിലവ് വരുന്നു. കാസര്‍ക്കോട്ട് ഭാഗത്തെത്തിയാല്‍ അത് അമ്പതിനായിരം വരെ ചിലവ് വരുന്നുവെന്ന് ക്യാമറക്കാരന്‍ പറയുന്നു. ഇതൊന്നുമില്ലാതെ നിസാര ചിലവില്‍ നിസാര സമയം കൊണ്ട് നിര്‍മ്മിക്കുന്നവരുമുണ്ട്. രണ്ടായാലും ഇസ്‌ലാമിക വീക്ഷണത്തില്‍ അതിന്‍റെ വിധി എന്തെന്നേ നമുക്കറിയേണ്ടതുള്ളൂ.



സ്റ്റുഡിയോയിലെ ഒമ്പത് സിസ്റ്റങ്ങളില്‍ അന്യമതത്തില്‍ പെട്ട ചെറുപ്പക്കാര്‍ ഈ വിവാഹ ആല്‍ബം എഡിറ്റ് ചെയ്യുന്നത് കണ്ടപ്പോഴാണ് എന്നെ അങ്ങേയെറ്റം വേദനിപ്പിച്ചതും ഇങ്ങനെയെഴുതാന്‍ പ്രേരിപ്പിച്ചതും. കംബ്യൂട്ടര്‍ ഡെസ്ക്ടോപ്പില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ ചാരിത്യ്രം പിച്ചിച്ചീന്തപ്പെടുന്നത് കണ്ടപ്പോള്‍ എന്‍റെ ഹൃദയം പിടച്ചു. അവരുടെ നൃത്ത താള കൊഞ്ചലുകളില്‍ എഡിറ്റര്‍മാര്‍ ആസ്വാദനം കൊടുത്തും കേട്ടാല്‍ ഹൃദയം പൊട്ടുന്ന കമന്റടിച്ചും അവരുടെ ജോലി അവര്‍ തുടര്‍ന്നു കൊണ്ടിരുന്നു.


സിസ്റ്റം നമ്പര്‍ ഏഴിലെ എഡിറ്ററുടെ അരികിലേക്കാണ് ഞാന്‍ എത്തിയത്. അതിനിടയില്‍ അയാള്‍ക്കൊരു ഫോണ്‍കാള്‍ വന്നു. അതിനു ശേഷം അയാള്‍ എന്നോട് പറഞ്ഞു: “ചേട്ടാ ഞാന്‍ ശരിക്കും പെട്ടു ചേട്ടാ” എന്ന് പറഞ്ഞുകൊണ്ട് അയാളുടെ അനുഭവത്തിന്‍റെ തോട് പൊളിച്ച് അദ്ദേഹം എന്നോട് സംസാരിക്കാന്‍ തുടങ്ങി. പറഞ്ഞതിന്‍റെ രത്നച്ചുരുക്കം ഞാന്‍ പറയാം.


തൃപ്രയാറുള്ള വിവാഹം കഴിഞ്ഞൊരു മുസ്‌ലിം നവ ദമ്പദിമാരുടെ ക്ഷണപ്രകാരം ഇദ്ദേഹം വീഡിയോഗ്രാഫറായി ചെന്നു. വീഡിയോ ലൊക്കേഷനുകള്‍ മുന്നാര്‍, വാഗമണ്‍, തേക്കടി തുടങ്ങിയ സ്ഥലങ്ങളായിരുന്നു. ദമ്പതിമാരുടെ കൂടെ ഇയാളും ഒരു ഹെല്‍പ്പറുമടങ്ങുന്ന നാല്‍വര്‍ സംഘം ഒരാഴ്ച്ചക്കാലം ഈ സ്ഥലങ്ങളില്‍ തങ്ങി. ദമ്പതിമാരുടെ ഹണിമൂണ്‍ ആഘോഷമാണ് യാത്രയുടെ കാതലായ വശം. അവ കൃത്യമായി ഒപ്പിയെടുക്കുകയെന്നതാണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ള ഡ്യൂട്ടി. യാത്രയുടെ പര്യവസാനമായപ്പോഴേക്കും ഫോട്ടോഗ്രാഫറായ അന്യമതത്തില്‍ പെട്ട യുവാവിന്‍റെ സ്നേഹ വലയത്തില്‍ ഈ മുസ്‌ലിം പെണ്‍കുട്ടി വീണുകഴിഞ്ഞിരുന്നു. പ്രോഗ്രാമിന്‍റെ തുകയെന്നോണം അമ്പതിനായിരം രൂപ കൈപ്പറ്റിയതോടൊപ്പം ഇവളുടെ ഫോണ്‍ നമ്പറും ചുളിവില്‍ അവന്‍ കൈപ്പറ്റിയിരുന്നു. ഭര്‍ത്താവറിയാതെ ഇവരുടെ ബന്ധം കേമമായി തുടര്‍ന്നു. ഒരു കോളേജ് ഡേയില്‍ അവരിരുവരും ഗുരുവായൂരിലെ ലോഡ്ജില്‍ തങ്ങി. എല്ലാം അവിടെ പെയ്തിറങ്ങി. ഇതൊന്നുമറിയാതെ ഭര്‍ത്താവ് കേമമായി നടക്കുന്നു. ഒരു വിവാഹാല്‍ബത്തിന്‍റെ പര്യവസാനമെന്നോണം പിച്ചിച്ചീന്തപ്പെട്ട ചാരിത്യ്രശുദ്ധി, വഞ്ചിക്കപ്പെട്ട ദമ്പത്യം. “ചേട്ടാ ഞാന്‍ ശരിക്കും പെട്ടു ചേട്ടാ” എന്ന് അയാള്‍ എന്നോട് പറഞ്ഞതിന്‍റെ സന്ദര്‍ഭം ഇതായിരുന്നു..“ഞാനവളെ ചവച്ചുതുപ്പിയതാ..എന്നിട്ടവള്‍ക്ക് മതിയായില്ല. ഇനി എനിക്കു വയ്യ” അയാള്‍ തന്‍റെ സംസാരത്തിന് സെമീകോളനിട്ടു. ഇദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്‍റെ ഹൃദയത്തിലേക്ക് ചാട്ടുളി പോലെ തുളഞ്ഞു കയറി. അപ്പോഴും ഉപര്യൂക്ത ദമ്പതികളുടെ ഹണിമൂണ്‍സീന്‍ സ്ക്രീനില്‍ ചലിക്കുന്നുണ്ടായിരുന്നു. നഷ്ടത്തോടെയാണെങ്കിലും ഒരു വിധത്തില്‍ ഞാനവിടെ നിന്നിറങ്ങിനടന്നു.


ഈയടുത്തകാലം വരേക്കും പുസ്തകരൂപത്തിലുള്ള ആല്‍ബങ്ങളായിരുന്നു ഇവര്‍ക്കൊക്കെ ഹരം. ഇപ്പോളതിന്‍റെ നവീകരിച്ച രൂപമാണ് മുകളില്‍ സൂചിപ്പിച്ചത്. വിവാഹ വീട്ടിലെ ഏത് അറക്കുള്ളിലേക്കും കയറിച്ചെന്ന് എങ്ങിനെയും ഫോട്ടോയും വീഡിയോയും എടുക്കാനുള്ള സ്വാതന്ത്യ്രം ഫോട്ടോഗ്രാഫര്‍ക്ക് കൊടുത്ത നട്ടെല്ലില്ലാത്ത കുടുംബനാഥന്മാര്‍, ഇതിന്‍റെ പിന്നിലെ ചതിക്കുഴികള്‍ അറിയാതെ പോയി. അതിസുന്ദരമായ ഫോട്ടോ ആല്‍ബമായി അത് വീട്ടിലെത്തുമ്പോള്‍ എല്ലാവരുടെയും മുഖത്ത് എന്ത് നല്ല പാല്‍പുഞ്ചിരിയായിരിക്കും!? പക്ഷേ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ തലയും മാറും തുറന്നിട്ട് നിന്നിരുന്ന താത്തമാര്‍ ഏതെല്ലാം രൂപത്തില്‍ മോര്‍ഫിന്‍ചെയ്യപ്പെട്ടാണ് തങ്ങളുടെ ചിത്രങ്ങള്‍ നെറ്റിലൂടെ പൂവാലന്മാരുടെ കണ്ണുകള്‍ക്ക് ഹരംപകരുന്നതെന്ന് ഇവരുണ്ടോഅറിയുന്നു!?


കേവലം മുഖം മാത്രം ലഭിച്ചാല്‍ ബാക്കി ശരീരം മുഴുവന്‍ അശ്ലീലമാക്കി മാറ്റാനുള്ള സംവിധാനം എന്നോ വന്നു കഴിഞ്ഞു. ഇപ്പോള്‍ വീഡിയോകളിലെ തലയും ഉടലും പരസ്പരം വേര്‍പ്പെടുത്തി പുതിയതൊന്ന് നിര്‍മ്മിക്കുവാനുള്ള സോഫ്റ്റുവയറുകളും പ്രചാരം നേടിക്കഴിഞ്ഞു. ഇവിടെയാണ് നാം മനസ്സിലാക്കേണ്ട സത്യം. ഈ സാങ്കേതിക വിദ്യകളെല്ലാം അതിവിദഗ്ദമായി നിറവേറ്റാന്‍ കഴിവുള്ളവരാണ് ഈ സ്റ്റുഡിയോയിലെ വര്‍ക്കര്‍മാര്‍ . അവരാണീ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഒപ്പിയെടുക്കുന്നത്. ആ കൂട്ടത്തിലെ ഏതെങ്കിലും കുബുദ്ധിക്ക് ഇവകള്‍ നെറ്റിലേക്ക് അപ് ലോഡ്‌ ചെയ്യാന്‍ തോന്നിയാല്‍, അല്ലെങ്കില്‍ അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് അറിഞ്ഞോ അറിയാതെയോ ഇവ കൈമാറപ്പെട്ടാല്‍ കാര്യങ്ങളുടെ കഠിഞ്ഞാണ്‍ വിട്ടുപോകുന്നത് നമ്മില്‍ നിന്നാണ്.


കുടുംബത്തിന്‍റെ അരമനക്കകത്ത് കഴിഞ്ഞിരുന്ന സദ്‌വൃത്തരായ എത്രയോ പെണ്‍കുട്ടികള്‍, വിവാഹ ശേഷം ഭര്‍ത്താവിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഈ ആഭാസത്തിനു കൂട്ടുനില്‍ക്കേണ്ടിവരുന്നു. മറ്റു ചിലര്‍ സിനിമകളിലും ആല്‍ബങ്ങളിലും മോഹിച്ചത് സ്വന്തമായി നിറവേറ്റാനുള്ള വേദിയായി കണക്കുകൂട്ടുന്നു.


വീഡിയോഗ്രാഫറുടെയും സംഘത്തിന്‍റെയും മുന്നില്‍ ഒന്നുമറിയാത്ത പാവം പെണ്‍കുട്ടികളുടെ പാവനമായ ശരീരം കുടയുകയാണ് വാസ്തവത്തില്‍ ഈ വിവരംകെട്ട ഭര്‍ത്താവ് ചെയ്യുന്നത്. അവളുടെ ശരീരത്തില്‍ ഒട്ടിക്കിടക്കുന്ന വസ്ത്രങ്ങളിലൂടെ പുറത്തുചാടിയ നഗ്നത ആദ്യം വെളിപ്പെടുത്തുന്നത് ഈ ക്യാമറക്കാരനു മുന്നില്‍. അതവിടെ അവസാനിക്കുന്നില്ലല്ലോ ഇത് വീഡിയോ ആയിക്കഴിഞ്ഞാല്‍ നെറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ടേക്കാം. അങ്ങിനെവന്നാല്‍ ലോകം മുഴുവന്‍ മിഴിതുറക്കുന്നത് ഇവളുടെ നഗ്നതയിലേക്കല്ലെ?


ഏതായാലും കുടുംബജീവിതത്തിന്‍റെ ഭദ്രതയാണിതിലൂടെ തകര്‍ക്കപ്പെടുന്നത്. ഇക്കൂട്ടരുടെ വളര്‍ന്നുവരുന്ന മക്കള്‍ ഇത് കാണുമ്പോള്‍ എന്താണ് പഠിക്കുന്നത്? ഉപ്പയുടെയും ഉമ്മയുടെയും ശൈലി ഇങ്ങിനെയൊക്കെയാണെങ്കില്‍ അവ അനുകരിക്കുന്നതില്‍ എന്ത് തെറ്റാണുളളത്? വഴിതെറ്റുന്ന കുട്ടിളെ പഴിചാരാന്‍ എന്തുണ്ട് ന്യായം?


അന്യപുരുഷര്‍ക്ക് മുന്നില്‍ ശരീരം മുഴുവന്‍ മറക്കേണ്ട മുസ്‌ലിം സ്ത്രീ ഇവിടെ കേവലം കൈകാലുകളും ശരീരത്തിലെ തുടിപ്പുകളും അതിനും പുറമെ കൊഞ്ചിക്കുഴഞ്ഞുള്ള ഓട്ടവും ചാട്ടവും ഡാന്‍സും പ്രദര്‍ശിപ്പിക്കുക വഴി ആരെയാണ് പല്ലിളിച്ചുകാട്ടുന്നത്? എത്രയെത്ര ഹറാമുകളിലാണവര്‍ അകപ്പെട്ടുപോകുന്നത്? സ്ത്രീ സമൂഹത്തിന് ജീവിക്കാന്‍ സ്വാതന്ത്യ്രം നേടിത്തന്ന നബി(സ്വ)യെ ധിക്കരിച്ചുകൊണ്ട്, വിശുദ്ധ ഇസ്‌ലാമിനു വേണ്ടി ജീവന്‍ നല്‍കിയ എണ്ണമറ്റ മഹത്തുക്കള്‍ അന്ത്യവിശമം കൊള്ളുന്ന രാജ്യത്തിന്‍റെ മണല്‍ത്തരികളെ ചവിട്ടിമെതിച്ചുകൊണ്ട് ഡാന്‍സ് ചെയ്യുന്ന മുസ്‌ലിം പെണ്‍കൊടിമാര്‍ തിരിച്ചറിയുക. ദീനീ സ്നേഹികളും രാജ്യസ്നേഹികളുമായ ആ മഹത്തുക്കളുടെ ആത്മാക്കള്‍ ഇതു പൊറുക്കില്ല. സര്‍വോപരി സര്‍വ്വശക്തനായ അല്ലാഹുവിനു മുന്നില്‍ ഇതിനു മറുപടി പറയേണ്ടിവരും. നിങ്ങളുടെ ഫാഷന്‍ ഭ്രമം! സീരിയല്‍ ഭ്രാന്ത്! താരാനുരാഗം! മിസ്ഡ്കോള്‍ കോമഡി! ആല്‍ബാഭിനിവേശം! എല്ലാം കൂച്ചുവിലങ്ങിട്ടേക്കുക. നല്ല നാളേക്കു വേണ്ടി.

                          copy from my friend face book
                                                                                            ABDULLA>M>BANGOD
                                                                                           snn232006@gmail.com

Friday, September 24, 2010

ഇന്റര്‍ നെറ്റും വിശ്വാസികളും

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന ഓരോ വിശ്വാസിയും ശ്രദ്ടിക്കേണ്ടത്
നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് വഴിവിട്ട ലൈംഗികതയും സദാചാരഭ്രംശവും അരങ്ങ് തകര്‍ക്കുകയാണ്. നിത്യേനയെന്നോണം പീഡനവാര്‍ത്തകളും ലൈംഗികാതിക്രമ വര്‍ത്തമാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് വാര്‍ത്താമാധ്യമങ്ങള്‍. ജാതി-മത-പ്രായ ഭേദമന്യേ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഈ ആസുരകാലത്തെ ഏറ്റവും വലിയ പേടി എന്താണെന്ന് ഒരു മാതാവിനോട് ചോദിച്ചാല്‍ സ്‌കൂളില്‍ പോയ പെണ്‍കുട്ടി അതേപോലെ തിരിച്ചുവരുമോയെന്നതാണെന്ന് അവര്‍ പറയും. വിവരസാങ്കേതിക വിദ്യയുടെയും ടെലികമ്യൂണിക്കേഷന്‍ മേഖലയുടെയും പുരോഗതി നമ്മുടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയപ്പോള്‍ തന്നെ ലൈംഗികാതിക്രമങ്ങളുടെ വര്‍ധനവിനും അത് വഴിയൊരുക്കിയെന്നത് തിക്ത യാഥാര്‍ഥ്യമാണ്. സ്‌കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികളുടെ അടുത്ത് വരെ ഏറ്റവും പുതിയ മോഡല്‍ മൊബൈലുണ്ട്. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും കൈമാറുകയാണ് അതിന്റെ പ്രധാന ഉപയോഗം. ആരെയും എപ്പോഴും ഒപ്പിയെടുക്കാന്‍ പറ്റുന്ന രൂപത്തില്‍ വീഡിയോ കാമറകളുമുണ്ടവയില്‍. സഹപാഠികളെയും അധ്യാപികമാരെ വരെയും പകര്‍ത്തി ഇന്റര്‍നെറ്റിലിടുകയെന്നതാണ് പുതുതലമുറയുടെ പ്രധാന ഹോബി. പഴയ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ്, സദാചാര സങ്കല്‍പങ്ങളെ കൊഞ്ഞനം കുത്തി നവലോകം കുതികുതിക്കുകയാണ്. ഇവിടെയാണ് സ്വവര്‍ഗ പ്രേമികളായ തന്റെ ജനതയോട് ലൂത്ത് നബി(അ) ചോദിച്ച ചോദ്യം പ്രസക്തമാകുന്നത്. ധര്‍മച്യുതിയുടെ ഈ നടുക്കയത്തില്‍നിന്നുകൊണ്ട് സമൂഹത്തിന്റെ നന്മയില്‍ തല്‍പരരായവര്‍ ഉറക്കെ ചോദിക്കേണ്ട ചോദ്യം: അലൈസ മിന്‍കും റജുലുന്‍ റഷീദ് (നിങ്ങളുടെ കൂട്ടത്തില്‍ തന്റേടമുള്ള ഒരു മനുഷ്യനുമില്ലേ?) എന്ന്. വിശ്വാസികളുടെ സമൂഹം ഈ ചോദ്യം ഏറ്റെടുക്കുകയും സ്വയം തന്റേടികളായി മാറുകയും ചെയ്യേണ്ടതുണ്ട്. സദാചാരഭ്രംശത്തിന്റെ കൂലംകുത്തിയൊഴുക്കിനെ പ്രതിരോധിക്കാന്‍ വിശ്വാസിയെ സജ്ജമാക്കാനുപയുക്തമായ ഏതാനും പാഠങ്ങളാണ് ചുവടെ. നാമോരുരുത്തരും ഹൃദയത്തോട് സദാ ചേര്‍ത്ത് വെക്കേണ്ട പാഠങ്ങള്‍:

*** *** *** ***
സത്യവിശ്വാസികളും വിശ്വാസിനികളും അന്യ സ്ത്രീ-പുരുഷന്മാരെ കാണുമ്പോള്‍ ദൃഷ്ടി താഴ്ത്തണമെന്ന് പരിശുദ്ധ ഖുര്‍ആന്‍. നിങ്ങള്‍ ആവര്‍ത്തിച്ച് നോക്കരുതെന്നും തുറിച്ചു നോക്കരുതെന്നും തിരുദൂതര്‍. അറിയുക, നോട്ടമാണ് എല്ലാറ്റിന്റെയും താക്കോല്‍. കണ്ണുകള്‍ക്കും വ്യഭിചാരമുണ്ടെന്നും അത് നോട്ടമാണെന്നും മറ്റൊരു പ്രവാചക വചനം. വഴിവക്കിലിരിക്കുമ്പോള്‍ ദൃഷ്ടി താഴ്ത്തുകയെന്നത് വഴിയുടെ അവകാശമാണെന്ന തിരുവചനവും ഓര്‍ക്കുക.

*** *** *** ***
നിങ്ങളുടെ രണ്ടവയവങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍ സ്വര്‍ഗം ഞാന്‍ ഗ്യാരണ്ടി തരാമെന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. അത് നാവും ഗുഹ്യാവയവവുമാണെന്നറിയുക. നരകപ്രവേശത്തിന് ജനങ്ങളെ കൂടുതല്‍ അര്‍ഹരാക്കുന്നത് ഈ രണ്ടവയവങ്ങളാണെന്ന് മറ്റൊരു പ്രവാചക വചനം.

*** *** *** ***
നൈമിഷിക വികാരങ്ങള്‍ക്കടിപ്പെട്ട് വിവാഹേതര ബന്ധങ്ങളുടെ പിന്നാലെ പായുമ്പോള്‍ ആലോചിക്കുക; വിജയം വരിച്ച സത്യവിശ്വാസികളുടെ ഗുണങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ അല്ലാഹു എടുത്തുപറഞ്ഞ ഒരു പ്രധാന ഗുണം തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുന്നവരാണ് അവരെന്നാണ്. വ്യഭിചാരം മ്ലേഛവും വൃത്തികെട്ട മാര്‍ഗവുമാണെന്ന് ഖുര്‍ആന്‍. പരമകാരുണികന്റെ അടിമകള്‍ അതിനെ സമീപിക്കുകയില്ല.
*** *** *** ***

ഇന്റര്‍നെറ്റും മൊബൈലുമൊക്കെ ഉപയോഗിക്കുമ്പോള്‍ അനുവദനീയതയുടെ പരിധി ലംഘിക്കാന്‍ തോന്നാറുണ്ടോ? എങ്കില്‍ നിങ്ങള്‍ അനുവദനീയമായതിന്റെയും നിഷിദ്ധമാക്കപ്പെട്ടതിന്റെയും ഇടയിലുള്ളവയെ സൂക്ഷിക്കണമെന്ന പ്രവാചക വചനം ഓര്‍ക്കുക. പ്രത്യക്ഷത്തില്‍ നിഷിദ്ധമല്ലെന്നാലും അത് നിഷിദ്ധതയിലേക്ക് നിങ്ങളെ എളുപ്പം കൊണ്ടെത്തിക്കും.
*** *** *** ***

സ്വകാര്യതയുടെ സുന്ദരനിമിഷങ്ങളില്‍ തെറ്റിലേക്ക് എത്തിനോക്കാറുണ്ടോ നിങ്ങള്‍? എങ്കില്‍ കണ്ണിന്റെ കട്ടുനോട്ടവും ഹൃദയങ്ങളിലൊളിപ്പിച്ചതും അല്ലാഹു അറിയുമെന്ന ഖുര്‍ആന്‍ വചനം ഓര്‍ക്കുക. എന്നല്ല, അദൃശ്യമായി അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്കാണ് പാപമോചനവും സ്വര്‍ഗവുമെന്ന് ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നു. ജനങ്ങളുടെ മുന്നില്‍ മാന്യനും രഹസ്യമായി തെറ്റുചെയ്യുന്നവനുമാണെങ്കില്‍ അവന്റെ മറ്റെല്ലാ സല്‍പ്രവൃത്തികളും നാളെ പരലോകത്ത് അല്ലാഹു ധൂളിയായി പറത്തിക്കളയുമെന്നറിയുക. ഇരട്ട മുഖം അല്ലാഹു ഏറെ വെറുക്കുന്നു.
*** *** *** ***

ദുര്‍ബല നിമിഷങ്ങളില്‍ പ്രലോഭനങ്ങള്‍ക്കടിപ്പെടാന്‍ സാധ്യതയുള്ളവരാണോ നിങ്ങള്‍? എന്നാലറിയുക, മറ്റൊരു തണലും ലഭ്യമല്ലാത്ത നാളില്‍ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ തണല്‍ ലഭിക്കുന്നവരുടെ കൂട്ടത്തില്‍ സുന്ദരിയും കുലീനയുമായ സ്ത്രീയുടെ പ്രലോഭനങ്ങളെ പുറംകാലുകൊണ്ട് തട്ടിയെറിയുന്നവനുണ്ട്. ഗുഹയിലകപ്പെട്ട മൂന്ന് പേരുടെ കഥ പറയുന്നിടത്ത് അല്ലാഹുവിനെ സൂക്ഷിച്ച് തെറ്റില്‍ നിന്നകന്നതിന്റെ പേരില്‍ ആപത്ത് നീങ്ങിപ്പോയത് വിവരിക്കുന്നുണ്ട് പ്രവാചകന്‍(സ).
*** *** *** ***

അശ്ലീല ചിത്രങ്ങളും വീഡിയോയുമൊക്കെ തെറ്റല്ലെന്ന തോന്നല്‍ വെച്ചുപുലര്‍ത്തുന്നുണ്ടോ നിങ്ങള്‍? എങ്കില്‍, 'വ്യഭിചരിക്കരുത്' എന്ന് പറഞ്ഞതിനേക്കാള്‍ 'വ്യഭിചാരത്തോട് അടുക്കരുത്' എന്നതാണ് ഖുര്‍ആന്റെ നിര്‍ദേശമെന്നറിയണം. ഈ ചിത്രങ്ങളും വീഡിയോയും മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്ന സ്വഭാവമുണ്ടെങ്കില്‍ ഓര്‍ക്കുക, പിന്നീട് അത് കാണുന്ന എല്ലാവരുടെയും തെറ്റിന്റെ ഒരംശം നിങ്ങള്‍ക്കും വന്ന് ചേരും, ലോകാവസാനം വരെ!
*** *** *** ***

ഓഫീസിലും ജോലിസ്ഥലത്തുമൊക്കെ മാന്യമല്ലാത്ത ഇടപഴകലുകള്‍ക്ക് സാധ്യതയുണ്ടോ നിങ്ങള്‍ക്ക്? അങ്ങനെയെങ്കില്‍ ഒരു അന്യപുരുഷനും സ്ത്രീയും തനിച്ചാവുന്നിടത്ത് മൂന്നാമനായി പിശാചുണ്ടെന്ന പ്രവാചക വചനം സദാ ഓര്‍മയിരിക്കട്ടെ. ഇന്റര്‍നെറ്റിലെ ചാറ്റ്‌റൂമുകളും സൗഹൃദ സൈറ്റുകളും സോഷ്യല്‍ മീഡിയയുമൊക്കെ ഈ പരിധിയില്‍ വരുമെന്നറിയുക!
*** *** *** ***

വിവാഹം കഴിക്കാന്‍ ശേഷിയില്ലാത്തവരുടെ കൂട്ടത്തിലാണ് താങ്കളെങ്കില്‍ അത്തരക്കാരോട് നോമ്പനുഷ്ഠിക്കാനാണ് തിരുദൂതരുടെ കല്‍പനയെന്നറിയുക. നോമ്പ് വികാരങ്ങള്‍ക്ക് തടയിടും. മറുവശത്ത്, അമിത ഭക്ഷണം അനിയന്ത്രിത ലൈംഗികാസക്തിയുളവാക്കും.
*** *** *** ***
താന്‍ സഹായിക്കുമെന്ന് അല്ലാഹു ബാധ്യത ഏറ്റെടുത്ത മൂന്ന് പേരുടെ കൂട്ടത്തില്‍ പാതിവ്രത്യം ആഗ്രഹിച്ച് വിവാഹം കഴിക്കാനുദ്ദേശിക്കുന്നവനുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തിലെ പോരാളിയും വീട്ടാനുദ്ദേശിച്ച് കടം വാങ്ങിയവനുമാണ് മറ്റു രണ്ടു പേര്‍.
*** *** *** ***

സ്വര്‍ഗത്തില്‍ ആദ്യം പ്രവേശിക്കുന്ന മൂന്ന് പേരെ തനിക്ക് പ്രദര്‍ശിപ്പിക്കപ്പെട്ടതില്‍ ലൈംഗിക സദാചാരം പാലിക്കുന്നവനുണ്ടെന്ന് നബി തിരുമേനി(സ) അരുള്‍ ചെയ്യുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവനും നന്നായി ഇബാദത്തെടുക്കുകയും യജമാനനോട് ഗുണകാംക്ഷ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന അടിമയുമാണ് മറ്റ് രണ്ടുപേര്‍.
*** *** *** ***

നിങ്ങളുടെ ഭാര്യാ-സന്താനങ്ങള്‍ ധാര്‍മികമായ ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ പാതിവ്രത്യം സൂക്ഷിക്കുക, എങ്കില്‍ നിങ്ങളുടെ സ്ത്രീകള്‍ ചാരിത്രവതികളാകുമെന്ന പ്രവാചക വചനം ഓര്‍ക്കുക. സദ്‌വൃത്തനായ മനുഷ്യന്റെ രണ്ട് മക്കള്‍ക്ക് വേണ്ടി അവരുടെ നിധി അല്ലാഹു സൂക്ഷിച്ച് വെച്ച കഥ അല്‍ കഹ്ഫ് അധ്യായത്തില്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ടല്ലോ.
*** *** *** ***

ഭാര്യയെ നാട്ടില്‍ വിട്ട് പ്രവാസ ജീവിതം നയിക്കുന്നയാളാണോ താങ്കള്‍? എന്നാല്‍ ഒരു സ്ത്രീക്ക് ഭര്‍ത്താവിനെ ആറുമാസത്തില്‍ കൂടുതല്‍ പിരിഞ്ഞിരിക്കാന്‍ സാധ്യമല്ലെന്ന മകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പട്ടാളക്കാര്‍ക്ക് ആറുമാസം കൂടുമ്പോള്‍ അവധി അനുവദിച്ചിരുന്നു രണ്ടാം ഖലീഫ ഉമര്‍(റ) എന്നറിയുക.
*** *** *** ***

ഭര്‍ത്താവിന്റെ ന്യായമായ ലൈംഗികാവകാശങ്ങളെ നിഷേധിക്കാറുണ്ടോ നിങ്ങള്‍? അത്തരം സ്ത്രീകളെ മലക്കുകള്‍ രാത്രി മുഴുവന്‍ ശപിക്കുമെന്ന് നബി തിരുമേനി(സ). റമദാനിലല്ലാതെ ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെ സുന്നത്ത് നോമ്പ് പോലും എടുക്കരുതെന്ന് മറ്റൊരു പ്രവാചക വചനം.
*** *** *** ***
അയല്‍പക്ക ബന്ധങ്ങള്‍ക്ക് എത്രമേല്‍ പരിശുദ്ധിയാണ് പ്രവാചകന്‍ നല്‍കിയെന്നറിയുമോ? ഈ പ്രവാചക വചനം ശ്രദ്ധിക്കുക: ''അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചരിക്കുന്നത് വന്‍പാപങ്ങളില്‍ പെട്ടതാണ്.''
*** *** *** ***

അല്ലാഹുവിനെ വിസ്മരിക്കുകയും ദേഹേഛകളെ പിന്‍പറ്റുകയും ക്ഷണികമായ സുഖങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നവര്‍ക്ക് വളരെ ഇടുങ്ങിയ ജീവിതമാണ് വിധിച്ചിട്ടുള്ളത്. എന്നാല്‍, പുരുഷനാകട്ടെ സ്ത്രീയാകട്ടെ വിശ്വാസിയായിക്കൊണ്ട് സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ഉത്തമ ജീവിതം നല്‍കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു. .................................................................
അബ്ദുള്ള എം ബന്ഗോട്
snn232006@yahoo.com
snn232006@gmail.com